About Temple

SREE GURU MAHESWARA TEMPLE

എരൂർ ശ്രീനാരായണ ഗുരുവരാശ്രമ സംഘം (Reg. No. EKM/TC/416/2013)

കപ്പട്ടിക്കാവ് ഭജനമഠം എന്ന ശ്രീഗുരുമഹേശ്വരക്ഷേത്രത്തിൻ്റെ

ഉത്ഭവവും, ചരിത്രവും

മനുഷ്യജീവിതത്തിൽ വ്യക്തിമുദ്ര പതിപ്പിച്ച യുഗപ്രഭാവനായും, അദ്വൈത ചിന്തകനായും,  വേദാന്തിയായും, കവിയായും, സാമൂഹികപരിഷ്കർത്താവായും, കർമ്മയോഗികളിൽ മുമ്പനായി നിർമ്മല ചിത്തനായി അത്ഭുത സിദ്ധിയോടുകൂടി പരിശുദ്ധ ജീവിതം നയിച്ചവാനായും, സർവ്വസംഗപരിത്യാഗിയായും, ലോകസേവനിരതനായും, ജ്ഞാനികളിൽ അദ്വിതീയനാ യും, ഭക്തശിരോമണിയായും, പണ്ഡിതകേസരിയായും, സ്വതന്ത്ര ആശയങ്ങളുടെ പ്രയോക്താവായും, സർവ്വസമ്മതനായും, ആരാലും  ഒരിക്കലും ദ്വേഷിക്കപ്പെടാത്തവനായും, ജീവിതം നയിച്ചകാലത്തു തന്നെ അനേകലക്ഷം ജനങ്ങളാൽ ആരാധിക്കപ്പെട്ടവനായും, ഉള്ള ശ്രീനാരായണഗുരുദേവനല്ലാതെ വേറെ ആരാണുണ്ടായത്?


ശ്രീനാരായണഗുരുദേവന്  കാൽനടയാത്രയാണ് ഏറ്റവും കൂടുതൽ ഇഷ്ടമെന്ന് പറയപ്പെടുന്നു. 1913 കാലഘട്ടത്തിൽ എരൂർ അർക്കകടവ് വഴി കാൽനടയാത്രയായി ഗുരു ആലുവ അദ്വൈതാശ്രമത്തിലേക്ക് പോകുന്ന വഴി എരൂർ പുഴയുടെ തീരത്തുള്ള കപ്പട്ടിക്കാവ് ശ്രീ. കൃഷ്ണൻ വൈദ്യർ അവർകളുടെ ഭവനത്തിലെത്തുകയുണ്ടായി. വൈദ്യന്മാരോട് ഗുരുവിനുള്ള പ്രത്യേക അടുപ്പത്തെക്കുറിച്ച് നമുക്ക് അറിയാമല്ലോ. ശ്രീ. കൃഷ്ണൻ വൈദ്യൻ തികഞ്ഞ ഗുരുദേവഭക്തനും കൂടി ആയിരുന്നു.  ആശ്രമത്തിലേക്ക് പോകുന്ന വഴി പലതവണ ശ്രീ. കൃഷ്ണൻ വൈദ്യരുടെ ഭവനത്തിൽ വരുകയും അവിടെ വിശ്രമിക്കാറുള്ളതുമാണ്.  വിശ്രമത്തിനായി ഒരു പ്രത്യേക മുറിയും അതിൽ ഒരു കട്ടിലും ശ്രീ. കൃഷ്ണൻവൈദ്യൻ ഒരുക്കിയിരുന്നു. ശ്രീനാരായണ ഗുരു ദേവൻ വിശ്രമിച്ച ചൈതന്യം തുളുമ്പുന്ന പ്രസ്തുത കട്ടിൽ ശ്രീ. കൃഷ്ണൻവൈദ്യരുടെ മകനായ പ്രൊഫസർ കെ. കെ. വത്സൻ ശ്രീഗുരുമഹേശ്വര ക്ഷേത്രത്തിലേയ്ക് സമർപ്പിച്ചിട്ടുള്ളതും ആയത് ക്ഷേത്രത്തിൻ്റെ ചുറ്റമ്പലത്തിനകത്ത് പ്രത്യേക മണ്ഡപം നിർമ്മിച്ച് സംരക്ഷിച്ചുകൊണ്ട് ആരാധന നടത്തിപോരുന്നതുമാണ്.


ഗുരുദേവൻ വന്നതായി അറിയുമ്പോൾ നാട്ടുകാരായ ഗുരുദേവ വിശ്വാസികൾ ഗുരുവിനെ ഒരുനോക്കുകാണുവാനായി ഒത്തുകൂടുമായിരുന്നു. ഈ വഴി വരുമ്പോഴെല്ലാം കപ്പട്ടിക്കാവ് തറവാടിൻ്റെ വടക്കുഭാഗത്തുള്ള കാവിൽ, അതായത് ഇന്ന് ശ്രീഗുരുമഹേശ്വരക്ഷേത്രം സ്ഥിതി ചെയ്യുന്നിടത്ത്, ഗുരു ധ്യാനനിരതനായിരിക്കാറുണ്ടായിരുന്നു. ഈ സ്ഥലം ഒരു ക്ഷേത്രത്തിനു യോജിച്ചതാണെന്ന് ഗുരുദേവൻ പല ആവർത്തി പറയുകയുണ്ടായിട്ടുണ്ട്.


ഇക്കാലഘട്ടത്തിൽ ഈ പ്രദേശത്ത് കോളറ എന്ന പകർച്ചവ്യാധി പടർന്നു പിടിക്കുകയും ആൾനാശം വരെ ഉണ്ടാകുകയും ചെയ്തു. മരുന്നുകൾക്ക് ചെറുക്കാൻ സാധിക്കാതെ വന്നപ്പോൾ ഗുരുദേവൻ അദ്വൈതാശ്രമത്തിൽ ഉണ്ടെന്നറിഞ്ഞ് ഈ പ്രദേശത്തെ കുറച്ച് ആളുകൾ അവിടെ എത്തിച്ചേരുകയും ഈ മഹാരോഗത്തെക്കുറിച്ച് സംസാരിച്ച് ഗുരുവിൻ്റെ മുമ്പിൽ സങ്കടം പറഞ്ഞുകൊണ്ട് ഇതിന് പരിഹാരം കണ്ടെത്തി തരണമെന്ന് അപേക്ഷിക്കുകയുമുണ്ടായി. ഉടൻതന്നെ ഒരു നിമിഷം ആലോചിച്ചുകൊണ്ട് ഗുരു നിർദ്ദേശിച്ചത് ‘ഭയപ്പെടേണ്ട ഇനി വ്യാധിയുണ്ടാവില്ല. സന്ധ്യാസമയത്ത് വീടുകളിൽ ദീപവും ധൂപവും വെച്ച് പ്രാർത്ഥിക്കുക. ഒരു ഭജനസംഘമായി ഓരോ വീടുകളിലും ഭജനപാടി കയറിയിറങ്ങുക’ എന്നാണ് .


ഭക്തജനങ്ങളുടെ എല്ലാവരുടെയും അഭിപ്രായപ്രകാരം ഭജനയിൽ ഗുരുവിൻ്റെ ഒരു ഛായാചിത്രവും ഉൾപ്പെടുത്താൻ തീരുമാനിച്ചു. എല്ലാ ഗൃഹങ്ങളിലും ഭജനസംഘം ഭജനപാടി കയറിയിറങ്ങി. വളരെ വേഗത്തിൽ തന്നെ ഈ പ്രദേശം ആ മഹാരോഗത്തിൽ നിന്നും മുക്തമായി. പിന്നീട് ഗുരുവിൻ്റെ ഛായാചിത്രo  എന്താണ് ചെയ്യേണ്ടത് എന്ന് ആലോചനയിൽ വരികയും ഇത് പ്രകാരം ഭജനസംഘം ഗുരുദേവവിശ്വാസികളെയെല്ലാം വിളിച്ചു കൂട്ടുകയും ഇതിൽനിന്നു വന്ന ആശയങ്ങൾ പ്രകാരം കപ്പട്ടിക്കാവ് കൃഷ്ണൻ വൈദ്യരുടെ തറവാടിൻ്റെ വടക്കുഭാഗത്ത് ഗുരു ധ്യാനനിരതനായി ഇരുന്നിട്ടുള്ളതും ക്ഷേത്ര ത്തിന് യോജിച്ചതാണെന്ന് നിർദ്ദേശിക്കുകയും ചെയ്തിടത്തുതന്നെ എല്ലാ ഗുരുദേവവിശ്വാസികളുടെയും സഹകരണത്തോടെ ഓലകൊണ്ടൊരു പർണ്ണശാല കെട്ടി അതിൽ ഭക്തിനിർഭരമായി ഭജനയോടുകൂടി ഗുരുദേവൻ്റെ  ഛായാ ചിത്രo സ്ഥാപിക്കുകയും കാവിലുണ്ടായിരുന്ന മരോട്ടി വൃക്ഷത്തിൽ നിന്നും കായ്കൾ പറിച്ചെടുത്ത് അത് രണ്ടായി പിളർന്ന് എണ്ണയൊഴിച്ച് വിളക്കുകൾ തെളിയിക്കുകയുണ്ടായി എന്ന് പറയപ്പെടുന്നു. തുടർന്ന് എല്ലാ ദിവസവും വൈകിട്ട് എല്ലാവരും ഒത്തുചേർന്ന് വിളക്കുകൾ തെളിയിക്കുകയും ഭജന നടത്തുകയും പതിവായിരുന്നു.


 പിന്നീട് പർണ്ണശാലയുടെ ഓല നീക്കംചെയ്ത്, ഓട് മേഞ്ഞുകൊണ്ട് ഭജന മഠത്തിൽ ആരാധനയും ആഘോഷവും ആരംഭിച്ചു. പിന്നീട് 1944 ൽ (മലയാള മാസം 1120 ആണ്ട്) ശ്രീനാരായണ ഗുരുദേവൻ്റെ പ്രധാന ശിഷ്യനായ ശ്രീ. നരസിംഹസ്വാമികൾ അദ്ധ്യക്ഷനായി ശ്രീനാരായണഗുരുവരാശ്രമസംഘം എന്ന പേരിൽ സംഘം രജിസ്റ്റർ ചെയ്ത് പ്രവർത്തനമാരംഭിച്ചു. ഇടയ്ക്കു കുറച്ചു വർഷങ്ങളിൽ വികസനപ്രവർത്തനങ്ങളൊന്നും നടത്തിയിരുന്നില്ല. 1978 ൽ  അന്നത്തെ ഭരണാധികാരി ശ്രീ വി. കെ. ഗോപാലൻ മാസ്റ്ററിൻ്റെ നേതൃത്വത്തി ൽ ഒരു ആലോചനാ യോഗം ചേർന്നു. യോഗതീരുമാനമനുസരിച്ച് അഷ്ട മംഗല്യപ്രശ്നം വെയ്ക്കുവാൻ തീരുമാനിക്കുകയുണ്ടായി. അഷ്ടമംഗല്യ വിധി പ്രകാരം ശ്രീനാരായണ ഗുരുദേവനെയും മഹാദേവനെയും പ്രതിഷ്ഠിച്ച് ആരാധന നടത്തുവാനും  രണ്ട് ശ്രീകോവിലുകൾ പണിയുവാനും തീരുമാനിച്ചു. അന്നത്തെ ശിവഗിരി മഠാധിപതി ബ്രഹ്മശ്രീ ഗീതാനന്ദസ്വാമികൾ രണ്ടു ക്ഷേത്രങ്ങൾക്കും ശിലാന്യാസം നടത്തി.  എന്നാൽ സാമ്പത്തിക പരാധീ നതയിലുഴറുന്ന ഇവിടത്തെ ജനങ്ങൾക്ക് അവരുടെ സ്വപ്നം സാക്ഷാത്കരിച്ചത് 1995 ൽ മാത്രമാണ്. ആ പുണ്യകർമ്മം നിർവഹിച്ചത് ബ്രഹ്മശ്രീ ശാശ്വതീ കാനന്ദസ്വാമികളാണ്.  ശ്രീനാരായണ ഗുരുതൃപ്പാദങ്ങളുടെ ‘ശിവശതക’ ത്തിലെ വേദപ്പൊരുളായ മഹാദേവൻ്റെ വാമഭാഗത്തുതന്നെ ‘ഗുരുസാക്ഷാൽ പരബ്രഹ്മ’ ത്തേയും പ്രതിഷ്ഠിച്ചു. ഗുരുദേവപ്രതിഷ്ഠ പഞ്ചലോഹത്തിലും മഹാദേവപ്രതിഷ്ഠ കൃഷ്ണശിലയിലുമാണ്  നടത്തിയത്. ഗുരുവും മഹാദേവനും പശ്ചിമപയോധിക്കഭിമുഖമായി  അനുഗ്രഹവർഷം ചൊരിഞ്ഞു വാഴുന്ന ഈ ക്ഷേത്രത്തിന് ശ്രീഗുരുമഹേശ്വരക്ഷേത്രം എന്ന് നാമകരണം ചെയ്യുകയുണ്ടായി. ശ്രീ ഗുരു മഹേശ്വരന്മാർ ഇരുന്നരുളാൻ തുടങ്ങിയതോടെ ഈ പ്രദേശത്തെ ഭക്തജനങ്ങളിൽ കൂട്ടായ്മയും ഐശ്വര്യവും വർദ്ധിക്കാൻ തുടങ്ങി. ലക്ഷ്മീദേവി കടാക്ഷം എല്ലാ ഗൃഹങ്ങളിലും എത്താൻ തുടങ്ങി. ഈ കാലയളവിൽ ക്ഷേത്രത്തിനോട് അടുത്തുകിടന്നിരുന്ന സ്ഥലങ്ങൾ വാങ്ങി ക്ഷേത്രവളപ്പിനോട് ചേർക്കുകയുണ്ടായി .


കാലങ്ങൾക്കുശേഷം 2005 ൽ ദേവപ്രശ്നം വെയ്ക്കുകയും പ്രശ്നചാർത്തു പ്രകാരം ഉപദേവന്മാരായി ശ്രീമഹാഗണപതി, ശ്രീധർമ്മശാസ്താവ്, ശ്രീഭദ്ര കാളി, നാഗരാജാവ്, നാഗയക്ഷി, ബ്രഹ്മരക്ഷസ് എന്നീ ദേവ ചൈതന്യവും ഈ ക്ഷേത്രസമുച്ചയത്തിൽ പ്രതിഷ്ഠ നടത്തി പരിലസിച്ചു വരുന്നു. അതിനുശേഷം ഗുരുദേവനും ശ്രീമഹാദേവനും ശാസ്ത്രവിധിപ്രകാരം ധ്വജപ്രതിഷ്ഠയും നടത്തുകയുണ്ടായി. 2013 ൽ അന്നത്തെ ഭരണസമിതി താoബൂലപ്രശ്നം നടത്തി. പ്രശ്നവിധി പ്രകാരം ക്ഷേത്രത്തിൽ വലിയമ്പലം, ചുറ്റമ്പലം, ബലിക്കൽപ്പുര എന്നിവ നിർമ്മിക്കുവാൻ തീരുമാനിച്ചു. 2014ൽ ചുറ്റമ്പലത്തിൻ്റെ ശിലാസ്ഥാപനകർമ്മം ക്ഷേത്രം തന്ത്രി ശിവഗിരി മഠം ശ്രീ സുഗതൻതന്ത്രികൾ നിർവഹിച്ചു. പ്രശസ്ത വാസ്തുശിൽപ്പി ശ്രീ കാണിപ്പയ്യൂർ കൃഷ്ണൻ നമ്പൂതിരിയാണ് വലിയമ്പലത്തിൻ്റെയും ചുറ്റമ്പലത്തിൻ്റെയും ബലിക്കൽപ്പുരയുടേയും പ്ലാൻ തയ്യാറാക്കിയത്. അദ്ദേഹത്തിൻ്റെ നിർദ്ദേശങ്ങളും ഉപദേശങ്ങളും എരൂർ ശ്രീനാരായണ ഗുരുവരാശ്രമ സംഘം ഭരണസമിതിക്ക്  ഇപ്പോഴും നിർലോഭം ലഭിച്ചുകൊണ്ടിരിക്കുന്നു എന്നുള്ള കാര്യം ഈ അവസരത്തിൽ സ്മരിച്ചു കൊള്ളട്ടെ.



എറണാകുളം ജില്ലയിൽ തൃപ്പൂണിത്തുറ - വെണ്ണല റോഡിൽ എരൂർ നിവാസികളുടെ പ്രധാന ആരാധനാലയങ്ങളിലൊന്നായ കപ്പട്ടിക്കാവ് ഭജനമഠം, ഇന്ന് എരൂർ ശ്രീഗുരുമഹേശ്വരക്ഷേത്രം എന്ന പേരിൽ ജാതി സ്പർദ്ധയും മത വിദ്വേഷവും പോലുള്ള വിനകളിൽ നിന്ന് സമൂഹത്തെ മോചിപ്പിക്കാനുതകുന്ന ദിവ്യ ഔഷധമായ ഗുരുദേവദർശനങ്ങളെ ഉച്ചൈസ്തരം ഉദ്‌ഘോഷിച്ചുകൊണ്ടും നാടിനും ജനങ്ങൾക്കും സർവ്വവിധഐശ്വര്യം പ്രദാനം ചെയ്തു കൊണ്ടും പുണ്യക്ഷേത്രമായി പരിലസിക്കുന്നു.